(കാടിനു നടുവിൽ, ഡാമിനരികിൽ , മഴ , മൂടൽമഞ്ഞ് , വെയിൽ കാറ്റ് , കൂരിരുട്ട്, വന്യമൃഗങ്ങൾ )


ശിരുവാണിയെ കുറിച്ച് കേട്ട നാൾ മുതൽ ആഗ്രഹിക്കുന്നതാണ് അവിടേക്കുള്ള യാത്ര. പെർമിഷൻ കിട്ടാനുള്ള ബുദ്ധിമുട്ട് കാരണം നടക്കാതിരിക്കുകയായിരുന്നു. നാട്ടിലുള്ള ഫ്രണ്ട്സ് അവിടേ പോയിട്ടുള്ള വിവരണങ്ങൾ കേട്ടപ്പോൾ എങ്ങനെയെങ്കിലും പെർമിഷൻ വേടിക്കാനുള്ള ശ്രമം ആരംഭിച്ചു. പ്രളയം, മണ്ണിടിച്ചിൽ , മാവോയിസ്റ്റ് ഭീഷണി തുടങ്ങി പലവിത കാരണങ്ങളാൽ അനുമതി കിട്ടാൻ നീണ്ടുപോയി. അവസാനം മിനിസ്റ്റർ സ്റ്റാഫിലെ സുഹൃത്തിന്റെ പരിശ്രമത്തിൽ മണ്ണാർക്കാട് DFO യുടെ അനുമതി ലഭ്യമായി …

ജൂലൈ 3 ന് രാവിലെ തൃശൂർ ജില്ലയിലെ വെന്മേനാട് നിന്നും ഞങ്ങൾ (മുനീർ,അബ്ബാസ്, സിയാദ്, ലത്തീഫ് ,ഷഈർ) ശിരുവാണി പട്ടിയാർ ബംഗ്ലാവ് ലക്ഷ്യമാക്കി യാത്ര ആരംഭിച്ചു. ചെറുപ്പുളശ്ശേരി കഴിഞ്ഞപ്പോൾ ചായ കുടിച്ചതിനു ശേഷം യാത്ര തുടർന്നു . ഭക്ഷണത്തിനു വേണ്ട സാധനങ്ങൾ നമ്മൾ വേടിച്ചു കൊണ്ടു പോകണം എന്നറിയുന്നതു കൊണ്ട് പാലക്കയം എന്ന ചെറിയ ടൗണിൽ നിറുത്തി ചിക്കൻ ,പലചരക്ക് സാധനങ്ങൾ, കോഴിമുട്ട, ചിപ്സ്, പാൽ തുടങ്ങി ഒരു ദിവസത്തെ ഭക്ഷണത്തിനു വേണ്ട മുഴുവൻ സാധനങ്ങളും വാങ്ങിച്ചു… പാലക്കയത്തു നിന്നും 6 കിലോമീറ്റർ കഴിഞ്ഞാലാണ് ഇഞ്ചിക്കുന്ന് ചെക്ക് പോസ്റ്റ് .രണ്ട് മണിക്കാണ് ഞങ്ങളോട് എത്താൻ അറിയിച്ചിട്ടുണ്ടായിരുന്നത്. ഒരു മണിക്ക് തന്നെ ഞങ്ങൾ ചെക്ക് പോസ്റ്റിൽ എത്തി. DFO സാർ അവിടെ വിളിച്ചു പറഞ്ഞിട്ടുള്ളതിനാൽ വാച്ചർ വേഗം തന്നെ ഞങ്ങൾ അഞ്ച് പേരുടേയും പേര് എഴുതി വാങ്ങിച്ച് ഒരു ദിവസത്തെ താമസത്തിനുള്ള പൈസ അടച്ചതിനു രസിപ്റ്റും നൽകി ചെക് പോസ്റ്റ് തുറന്നു തന്നു. അങ്ങിനെ സ്വപ്ന യാത്രയെ ശിരുവാണി ഫോറസ്റ്റിലേക്ക് സ്വാഗതം ചെയ്യുന്ന വനം വകുപ്പിന്റെ ബോർഡും കടന്ന് യാത്ര തുടർന്നു…

ആന, പുലി ,കടുവ, കാട്ടുപോത്ത് തുടങ്ങി വന്യമൃഗങ്ങൾ വിഹരിക്കുന്ന ഇടതൂർന്ന കാട്ടിൽ വളരെ ഇടുങ്ങിയ റോഡിലൂടെയുള്ള യാത്രയിൽ പല സ്ഥലത്തും മരങ്ങൾ വീണും മണ്ണിടിഞ്ഞും മാർഗതടസ്സമുണ്ടായപ്പോൾ ഭയത്തോടെയാണെങ്കിലും പുറത്തിറങ്ങി തടസ്സങ്ങൾ മാറ്റേണ്ടി വന്നു. വാഹന ഗതാഗതം കുറവായതിനാൽ ചെടികൾ റോഡിലേക്ക് വളർന്നു നിൽക്കുന്നുണ്ടായിരുന്നു… വിജനമായ വീതി കുറഞ്ഞ റോഡിലൂടെയുള്ള യാത്ര മുന്നോട്ട് നീങ്ങുന്തോറും ആനപിണ്ഡങ്ങളും ഈറ്റകൾ ഒടിച്ചിട്ടതും കാണാമായിരുന്നു. ആനയെങ്ങാനും റോഡിന് കുറുകെ വന്നാലോ എന്ന ഭയം കൂടി വന്നു. പുല്ല് വളർന്ന് നിൽക്കുന്ന വീതി കുറഞ്ഞ റോഡിൽ റിവേഴ്സ് പോകാൻ പോലും ബുദ്ധിമുട്ടാണ്. കുറച്ചു ദൂരം മുന്നോട്ടു നീങ്ങിയപ്പോൾ ശിരുവാണി ഡാം കണ്ടു തുടങ്ങി… ഒരു മനുഷ്യനെ പോലും അവിടെയെങ്ങും കാണാനില്ലായിരുന്നു. അവിടെയിറങ്ങി കുറച്ചു ഫോട്ടോ എടുത്തതിന് ശേഷം വീണ്ടും ഇടുങ്ങിയ റോഡിലൂടെ മുന്നോട്ടു പോയപ്പോൾ ഇടതു വശത്തേക്കുള്ള റോഡിൽ ഇറിഗേഷൻ ഡിപാർട്മെൻറ് ഐബിയിലേക്കുള്ള ബോർഡ് കണ്ടു.. കുറച്ചു കൂടി മുന്നോട്ട് പോയപ്പോൾ കിട്ടുന്ന വലത്തോട്ടുള്ള റോഡിലൂടെയുള്ള യാത്ര നേരെ ചെന്നെത്തുന്നത് പട്ടിയാർ ബംഗ്ലാവിലേക്കായിരുന്നു (IB) …

പണ്ട് ബ്രിട്ടീഷുകാർ സ്ഥാപിച്ച ബംഗ്ലാവ് ഇപ്പോൾ ഫോറസ്റ്റ് ഡിപാർട്ട്മെന്റിന്റെ ഇൻസ്പെക്ഷൻ ബംഗ്ലാവാണ് .മൃഗങ്ങൾ പ്രവേശിക്കാതിരിക്കാൻ ബംഗ്ലാവിന് ചുറ്റും ഫെൻസിങ്ങ് ഘടിപ്പിക്കുകയും കിടങ്ങ് കുഴിച്ചിട്ടുമുണ്ട് .. കിടങ്ങിനു കുറുകേ വാഹനങ്ങളുടെ ടയർ കടക്കുന്നതിന് മാത്രം വലുപ്പത്തിൽ സ്ഥാപിച്ചിട്ടുള്ള പാലവും കടന്നു ഞങ്ങളുടെ വാഹനം പട്ടിയാർ ബംഗ്ലാവിലേക്ക് പ്രവേശിച്ചു..

ഞങ്ങളെ സ്വീകരിക്കാൻ റെജി ചേട്ടൻ കാത്തു നിൽക്കുന്നുണ്ടായിരുന്നു. ഫോറസ്റ്റിൽ ജീവനക്കാരനായ അദ്ധേഹം രാവിലെ തന്നെ അവിടെ എത്തിച്ചേർന്നിരുന്നു .ഇനി ഒരു ദിവസം അദ്ധേഹമാണ് ഞങ്ങൾക്ക് വേണ്ട എല്ലാ സഹായങ്ങളും ചെയ്ത് തരുന്നത്. *ഞങ്ങൾ വാഹനത്തിൽ നിന്നിറങ്ങിയപ്പോഴുള്ള അന്തരീക്ഷം വളരെ മനോഹരമായിരുന്നു… പട്ടിയാർ ബംഗ്ലാവിൽ നിന്നും ശിരുവാണി ഡാമിന്റെ കാഴ്ചയും അതിനപ്പുറമുള്ള മലമുകളിൽ നിന്നുള്ള നിരവധി വെള്ളച്ചാട്ടങളുടെ കാഴ്ചയും അതി മനോഹരമായിരുന്നു… അതിനൊപ്പം ഞങ്ങളുടെ വരവിനെ സ്വീകരിക്കാനെന്ന പോലെ വന്ന മഴയും സൂപ്പർ ഫീൽ ആയിരുന്നു.നിമിഷ നേരങ്ങൾ കൊണ്ട് കാലാവസ്ഥ വ്യതിയാനം ആസ്വദിക്കാൻ സാധിക്കുന്ന പ്രത്യേക അനുഭവമായിരുന്നു അവിടെ. നിരവധി വെള്ളച്ചാട്ട ദൃശ്യങ്ങൾ നിമിഷങ്ങൾ കൊണ്ട് കാണാമറയത്താകുകയും വീണ്ടും ദൃശ്യമാകുകയും ചെയ്യുന്ന മൂടൽ മഞ്ഞ്.മഴയും ശക്തമായ കാറ്റും വന്നും പോയും കൊണ്ടിരിക്കുന്നു..* മൃഗങ്ങൾ അകലേ പുല്ലുമേയുന്നത് കണ്ടപ്പോൾ ബൈനോക്കുലർ എടുക്കാത്തത് വലിയ നഷ്ടമായി അനുഭവപ്പെട്ടു…നിമിഷ നേരം കൊണ്ടു തന്നെ വെള്ളച്ചാട്ടങ്ങളും മലയും കാണാമറയത്തായി… കൊടും കാടിനുള്ളിൽ പ്രകൃതിയുടെ ഭംഗിയും ബ്രിട്ടീഷ്കാരുടെ നിർമ്മിതിയും കൂടി ചേർന്ന പട്ടിയാർ ബംഗ്ലാവിലെ മനോഹരമായ അന്തരീക്ഷത്തിൽ വല്ലാത്തൊരു അനുഭൂതി ഞങ്ങൾക്ക് അനുഭവിക്കാൻ സാധിച്ചു…

ഞങ്ങൾ ഭക്ഷണം പാകം ചെയ്യുന്നതിന് കൊണ്ടുവന്നിട്ടുണ്ടായിരുന്ന സാധനങ്ങളെല്ലാം റെജി ചേട്ടനെ ഏൽപിച്ച് ബംഗ്ലാവിൽ നിന്നുള്ള കാഴ്ചകൾ കാണുന്നതിനും മൊബൈലിൽ ഫോട്ടോ എടുക്കുന്നതിനും സമയം ചിലവഴിച്ചു.. മൊബൈലിന് ചില ഭാഗങ്ങളിൽ മാത്രമേ റേഞ്ച് കിട്ടുന്നുണ്ടായിരുന്നുള്ളൂ.. തണുപ്പുള്ള അന്തരീക്ഷത്തിൽ നല്ല ചൂടുള്ള ചായയുമായി റജി ചേട്ടൻ വന്നു… ചിപ്സും, ബിസ്കറ്റും കൂട്ടി ചായ കുടിച്ചിരിക്കുമ്പോൾ ഞങ്ങളോടൊപ്പം റജിച്ചേട്ടനും കൂടി . അദ്ധേഹത്തിന്റെ പതിനഞ്ച് കൊല്ലത്തെ സർവ്വീസിനിടക്കുള്ള സംഭവങ്ങൾ അദ്ധേഹം വിവരിക്കുമ്പോൾ ഞങ്ങൾ ആവേശത്തോടെ അത് ശ്രവിച്ചു… ആന വന്ന് ജനൽ തകർത്തതിന്റെയും, പുലിയെ കണ്ടതിന്റെയും അനുഭവം അദ്ധേഹം പറയുമ്പോൾ ഞങ്ങൾക്ക് ഉള്ളിൽ ഭയവും എന്നാൽ ആനയെ കാണണമെന്ന ആഗ്രഹമുള്ളതിനാൽ ജിജ്ഞാസയുമുണ്ടായി.. കുറച്ചു സമയത്തിന് ശേഷം ഞങ്ങൾ ബംഗ്ലാവിൽ നിന്നും വാഹനത്തിൽ പുറത്തിറങ്ങി വീണ്ടും കാട്ടിലൂടെ യാത്ര ചെയ്ത് ആദ്യം കാണുന്ന വലുത്തോട്ടുള്ള പാതയിലൂടെ കുറച്ചു ദൂരം മുന്നോട്ട് നീങ്ങിയപ്പാൾ തമിഴ്നാട്ടിലേക്ക് വെള്ളം കൊണ്ടു പോകുന്നതിനുള്ള ഇൻറ്റേക്ക് ടവറിലെത്തി.

ടവറിൽ നിന്നും കാടിന്റെ പുൽമേടുകളിൽ തീറ്റ തിന്നാൻ വരുന്ന മൃഗങ്ങളെ കാണാനും സാധിക്കും..പക്ഷെ ഞങ്ങൾ പോയ സമയത്ത് മനോഹരമായ പുൽമേടുകൾക്ക് മുകളിലൂടെ മയിലുകൾ പറക്കുന്നത് കണ്ടതല്ലാതെ മൃഗങ്ങളെ ഒന്നും കാണാൻ സാധിച്ചില്ല. അവിടെ നിന്നും തമിഴ്നാട് ബോർഡർ വരെ പോകാം എന്നു കരുതി ഇറങ്ങിയ ഞങ്ങൾക്ക് മുന്നിൽ തടസ്സമായി വലിയൊരു മരം റോഡിന് കുറുകെ വീണ് കിടക്കുന്നുണ്ടായിരുന്നു. സമയം വൈകിയതിനാൽ കൂടുതൽ സാഹസത്തിന് മുതിരാതിരുന്ന ഞങ്ങൾ വാഹനം റിവേഴ്സ് എടുത്ത് കുറച്ചു ദൂരം പോന്നതിന് ശേഷമാണ് തിരിച്ച് പോരാൻ സാധിച്ചത് . കുറച്ച് കൂടി മുന്നോട്ട് എത്തിയപ്പോൾ പിൻസീറ്റിലിരുന്ന അബ്ബാസ് പെട്ടെന്ന് വാഹനം നിറുത്താൻ ആവശ്യപ്പെട്ടു. നോക്കുമ്പോൾ റോഡ് സൈഡിൽ കാടിനുള്ളിലായി വലിയ കാട്ടുപോത്തിന്റെ കൂട്ടം നിൽക്കുന്നുണ്ടായിരുന്നു… സമയം ഇരുട്ടാകാറായത് കൊണ്ട് വേഗം തന്നെ ബംഗ്ലാവിൽ തിരിച്ചെത്തി ….ഡാമിന്റെ പുൽമേട്ടിൽ വിദൂരത്തിലായി മൃഗങ്ങൾ പുല്ല് തിന്നു നിൽക്കുന്നുണ്ടായിരുന്നു.

രാത്രിയായപ്പോൾ കാട്ടിൽ നിന്നും വ്യത്യസ്ത തരത്തിലുള്ളശബ്ദങ്ങൾ കേട്ടുകൊണ്ടിരുന്നു. ഞങ്ങൾക്ക് വേണ്ടി റെജി ചേട്ടൻ ചിക്കൻ പൊരിച്ചതും, കറിയും ചപ്പാത്തിയും റെഡി ആക്കിയിട്ടുണ്ടായിരുന്നു… ഭക്ഷണത്തിനു ശേഷം ഞങ്ങൾ രസകരമായ ഗെയിമുകളിൽ ഏർപ്പെട്ടും ,പഴയ കാല കഥകൾ പറഞ്ഞുമിരുന്നും സമയം വൈകി… ഉറക്കം ഞങ്ങളിലേക്കെത്തി തുടങ്ങിയിരുന്നു.. കാടിന്റെ ഉള്ളിലുള്ള ഉറക്കം.. നല്ല ശുദ്ധവായുവിൽ A/C യോ ഫാനോ ലൈറ്റോ ഇല്ലാതെ കൂരിരുട്ടിൽ ( സോളാർ പവർ ആയതിനാൽ ലൈറ്റ് രാത്രി മുഴുവൻ കിട്ടുമോ എന്ന സംശയത്താൽ ഓഫ് ചെയ്തു) ,പല തരം ചിവീടുകൾ അടക്കമുള്ള ജീവികളുടെ ശബ്ദം.. സുന്ദരമായ ഉറക്കം…..

രാവിലെ നേരത്തേ എഴുന്നേറ്റ് പട്ടിയാർ ബംഗ്ലാവിന്റെ സുന്ദരമായ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി. ഞാനും സിയാദും കൂടി കുറച്ച് നടന്നിട്ടു വരാം എന്നു കരുതി ബംഗ്ലാവിൽ നിന്നും പുറത്തിറങ്ങി. ബംഗ്ലാവിന്റെ ഗേറ്റിനടുത്ത് തന്നെ ആനകൾ വന്ന് പോയതിന്റെ ലക്ഷണങ്ങൾ കാണുന്നുണ്ടായിരുന്നു.. നിറയെ ആന പിൺഡങ്ങളും ഈറ്റ മരങ്ങൾ ഒടിച്ചിട്ടതും കാണുന്നു .. നല്ല മഞ്ഞും ഉണ്ടായിരുന്നു.. കുറച്ചു കൂടി മുന്നോട്ടു നടന്നപ്പോൾ ഭയം മൂലം മുന്നോട്ടുള്ള നടത്തം മതിയാക്കി തിരിച്ച് ബംഗ്ലാവിലെത്തി… അങ്ങിങ്ങായി കാട്ടുപോത്തുകളും ,പന്നികളും പുല്ലുമേയുന്നത് മൊബൈൽ കാമറയിൽ പകർത്താൻ ശ്രമിച്ചെങ്കിലും അകലെ ആയതിനാൽ ക്ലിയർ ആയി കിട്ടിയില്ല. അപ്പോഴേക്കും ഉപ്പുമാവും തലേ ദിവസത്തെ ചിക്കൻ കറിയും ചായയുമായി റെജി ചേട്ടൻ വീണ്ടും ഞങ്ങളെ ക്ഷണിച്ചു…

ചായക്ക് ശേഷം പുറത്തിറങ്ങാൻ ഉദ്ധേശിച്ച ഞങ്ങൾക്ക് അറിയാൻ സാധിച്ചത് മഴ സീസൺ ആയതിനാലും പ്രളയകാലത്ത്റോഡ് തകർന്നതിനാലും അടുത്തുള്ള ടൂറിസ്റ്റ് പ്രദേശമായ കേരളമേട് പോകുന്നതിന് സന്ദർശകർക്ക് അനുമതി നിഷേധിച്ചിരിക്കുകയാണ്.. തമിഴ്നാട് ബോർഡറിലേക്കും വാഹനം കടന്നു പോകുന്നില്ല. അതു കൊണ്ട് തന്നെ ഞങ്ങൾ ബംഗ്ലാവിൽ തന്നെ സമയം ചിലവഴിച്ചു.. അവിടെ ആ സുന്ദരമായ ക്ലൈമറ്റ് ആസ്വദിച്ചിരുന്നു. റജിച്ചേട്ടനോടൊപ്പം സഹായത്തിനായി മറ്റൊരു ജീവനക്കാരനായ കൃഷ്ണേട്ടനും എത്തിയിരുന്നു. അവരുടെ അനുഭവങ്ങൾ ഞങ്ങൾ ശ്രദ്ധയോടെ കേട്ടിരുന്നു. ഉച്ചക്ക് സാമ്പാറും ചോറും കഴിച്ചതിനു ശേഷം വീണ്ടും വരണം എന്ന ഉദ്ധേശത്തിൽ ഞങ്ങൾ ബംഗ്ലാവിനോടും റജി ചേട്ടനോടും കൃഷ്ണട്ടനോടും യാത്ര പറഞ്ഞു … തിരിച്ചുള്ള യാത്രയിൽ ‘നല്ല മഞ്ഞും ഇടക്ക് മഴയും ഉണ്ടായിരുന്നു. മലയണ്ണാനേയും കരിങ്കുരങ്ങിനേയും കാണാൻ സാധിച്ചു. അങ്ങിനെ പച്ചപ്പിൽ പുതച്ചു നിൽക്കുന്ന ഇടതൂർന്ന കാടിനിടയിൽ മഞ്ഞു തുള്ളികൾ വീണറോഡിലൂടെ അങ്ങിങ്ങായി വെള്ളച്ചാട്ടങ്ങളും കണ്ട് ഞങ്ങൾ ശിരുവാണി ചെക്ക് പോസ്റ്റ് പിന്നിടുമ്പോൾ മൊബൈലിൽ റേഞ്ച് വന്നു. ആദ്യം തന്നെ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവം ഞങ്ങൾക്ക് സമ്മാനിച്ച പ്രിയ സുഹൃത്തിനെ വിളിച്ച് നന്ദി അറിയിച്ചു…

*മൊത്തത്തിൽ ട്രിപ്പ് വിലയിരുത്തുമ്പോൾ 110 കിലോമീറ്റർ ദൂരത്തിൽ സഞ്ചരിച്ച് വന്യമൃഗങ്ങൾ വിഹരിക്കുന്ന പച്ചപ്പരവതാനി വിരിച്ച കൊടും കാടിനുള്ളിൽ, ശിരുവാണി ഡാമിന്റെ ചാരത്ത് മഴയും ,മഞ്ഞും, കാറ്റും ആസ്വദിച്ച് മുഴുവൻ സമയവും മലകൾക്കിടയിലൂടെ ഒഴികിവരുന്ന വെള്ളച്ചാട്ടങ്ങൾക്ക് അഭിമുഖമായി ഇരിക്കാൻ പറ്റുന്ന ,മൊബൈലും മറ്റും ശല്യപ്പെടുത്താനില്ലാത്ത ശുദ്ധവായുവിൽ സുഖനിദ്ര സാധ്യമാകുന്ന ഒരു അപൂർവ്വ ട്രിപ്പ്..*👌👌.

മുഹമ്മദ് മുനീർ എം.കെ

Written by 

Leave a Reply

Your email address will not be published. Required fields are marked *